07:56am 13 November 2026
NEWS
കണ്ണൂരിന് സ്വന്തമായി മദ്യം: 'കണ്ണൂർ ഫെനി' ഡിസംബറിൽ വിപണിയിലേക്ക്
04/06/2025  08:33 AM IST
സുരേഷ് വണ്ടന്നൂർ
കണ്ണൂരിന് സ്വന്തമായി മദ്യം: കണ്ണൂർ ഫെനി ഡിസംബറിൽ വിപണിയിലേക്ക്

മദ്യപാനികൾക്ക് ഇനി മദ്യഗ്ലാസുകൾ നിറയ്ക്കാൻ കണ്ണൂരിന്റെ തനത് രുചിയിലുള്ള 'കണ്ണൂർ ഫെനി'യും. കശുമാങ്ങയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഈ മദ്യം അടുത്ത കശുമാങ്ങാ സീസണായ ഡിസംബറിൽ വിപണിയിലെത്തും. സി.പി.എം. ഭരിക്കുന്ന പയ്യാവൂർ സർവീസ് സഹകരണ ബാങ്കാണ് ഈ പദ്ധതിക്ക് പിന്നിൽ. അന്തിമ സർക്കാർ അനുമതി ലഭിച്ചുകഴിഞ്ഞു; എക്‌സൈസ് ലൈസൻസ് മാത്രമാണ് ഇനി ലഭിക്കാനുള്ളത്.
പഴവർഗ്ഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ സംസ്ഥാനത്തെ അബ്കാരി ആക്ടും ചട്ടവും ഭേദഗതി ചെയ്തതാണ് ഈ പദ്ധതിക്ക് വഴിതുറന്നത്. കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകളിലൂടെയാകും ആദ്യഘട്ട വിപണനം. പിന്നീട് ബിവറേജസ് ഔട്ട്ലെറ്റുകളിലും ലഭ്യമാക്കും. ബോട്ടിലിംഗ് യൂണിറ്റിനായുള്ള യന്ത്രസാമഗ്രികൾ ഗോവയിൽ നിന്ന് ഉടൻ എത്തിക്കുമെന്ന് ബാങ്ക് സെക്രട്ടറി എം.വി. രാജേഷ് കുമാർ അറിയിച്ചു.

കർഷകർക്ക് ലാഭം, 100 പേർക്ക് തൊഴിൽ

പ്രൈമറി സംഘങ്ങൾ മുഖേന കശുമാങ്ങ സംഭരിച്ചാകും ഫെനി നിർമ്മാണം. ഉത്പാദനത്തിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ 80 ശതമാനവും കർഷകരിലേക്ക് എത്തിക്കും. കശുമാവ് കൃഷി വ്യാപിപ്പിക്കുന്നതിനായി വായ്പയും സബ്‌സിഡിയും നൽകാനും ബാങ്കിന് പദ്ധതിയുണ്ട്. ഡിസംബർ മുതൽ മെയ് വരെയാണ് കശുമാങ്ങാ സീസൺ, ഈ സമയത്താകും പ്രധാനമായും ഫെനി ഉത്പാദനം. ഫെനി ഉത്പാദനത്തിന് ശേഷം കശുമാങ്ങയുടെ ചണ്ടി സംസ്കരിച്ച് ജൈവവളമാക്കാനും ബാങ്ക് ലക്ഷ്യമിടുന്നു. ഇതിനോടൊപ്പം ഒരു കശുവണ്ടി ഫാക്ടറിയും തുടങ്ങാൻ ആലോചിക്കുന്നുണ്ട്. ഈ പദ്ധതിയിലൂടെ ഏകദേശം 100 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നീണ്ട കാത്തിരിപ്പിനൊടുവിൽ യാഥാർത്ഥ്യമാകുന്നു

കശുമാങ്ങയിൽ നിന്ന് ഫെനി എന്ന ആശയം പയ്യാവൂർ ബാങ്ക് സർക്കാരിനെ സമീപിച്ചത് 2016-ലാണ്. 2022 ജൂൺ 30-ന് അനുമതി ലഭിച്ചുവെങ്കിലും, ഫെനി നിർമ്മാണത്തിനുള്ള ചട്ടം രൂപീകരിക്കുന്ന നിയമസഭാ സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് വൈകിയത് പദ്ധതിക്ക് തടസ്സമായി. ഇതിനായി നിരന്തരം പരിശ്രമിച്ചത് കർഷകസംഘം സംസ്ഥാന സമിതിയംഗം കൂടിയായ ബാങ്ക് പ്രസിഡന്റ് ടി.എം. ജോഷിയാണ്.


വിലയും ഉത്പാദനച്ചെലവും

 * ഒരു കിലോ കശുമാങ്ങയിൽ നിന്ന് ഏകദേശം 5.5 ലിറ്റർ നീര് ലഭിക്കും. ഇത് സംസ്കരിച്ചാൽ അര ലിറ്റർ ഫെനി കിട്ടും.
 * ഒരു ലിറ്റർ ഫെനിയുടെ ഉത്പാദനച്ചെലവ് ഏകദേശം 200-250 രൂപയാണ്.
 * 100% എക്‌സൈസ് നികുതി ഉള്ളതിനാൽ ഒരു ലിറ്ററിന് 500-600 രൂപയ്ക്ക് വിൽക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പേര് മാറ്റാൻ സാധ്യത?

"ഫെനി ഗോവയുടെ തനത് മദ്യമായതിനാൽ ഈ പേര് ഉപയോഗിക്കാൻ കഴിയുമോ എന്ന് സംശയമുണ്ട്. അതിനാൽ നിയമവിദഗ്ദ്ധരുമായി ആലോചിച്ചശേഷം ആവശ്യമെങ്കിൽ പുതിയ പേര് പരിഗണിക്കും," പയ്യാവൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എം. ജോഷി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img